“ഈ മഴ ”
അടുത്തു കിടക്കുന്ന മോൻ അസ്വസ്തമാകുന്നതറിഞ്ഞാണ് അയാൾ മയക്കത്തിൽ നിന്ന് ഉണർന്നത്. മേശയിൽ നിന്നും മൊബൈൽ എടുത്തു നോക്കി, സമയം പതിനൊന്നു കഴിഞ്ഞിരിക്കുന്നു.
അയാൾ അവനോടു ചേർന്ന് കെട്ടിപിടിച്ചു കിടന്നു.
“മോനെന്താ പറഞ്ഞെ ”
“ഒന്നുമില്ല .. വാവാച്ചി ഉറങ്ങിയോ ”
“ഉം ” അയാൾ മൂളി
ആ ചെറിയ വിരലുകൾ കൈകളിൽ മുറുകെ പിടിക്കുന്നത് അയാൾ അറിഞ്ഞു.
“അച്ഛൻ ഇനിയും ഗൾഫിൽ പോകുവോ ”
“ഇല്ല ”
എന്തോ നോക്കുവാനായി അവൻ കുഞ്ഞി കൈകൾ നീട്ടി ജനൽ വിരികൾ മാറ്റി.
ഇടക്കിടക്കിടെ ഉണ്ടാകുന്ന മിന്നൽ കറുത്തിരുണ്ട ആകാശത്തെ കൂടുതൽ ഭയാനകമാക്കുന്നുണ്ടായിരുന്നു.
“മോനെന്താ ഉറങ്ങാത്തത് ”
“മൂന്നു ദിവസമായി അമ്മയെ കണ്ടിട്ട്. ഞങ്ങളെ കാണാണ്ട് അമ്മയ്ക്കും കരച്ചിൽ വന്നു കാണും … മഴക്കാറ് മാറുന്നത് വരെ അമ്മ കാത്തിരിക്കില്ലേ അച്ഛാ , ഇനി എങ്ങാനും കാണാണ്ട് പോയാലോ ”
അവൻ ആകാശത്തേക്ക് പ്രതീക്ഷയോടെ നോക്കി.
അപ്പോൾ ഇടി മുഴങ്ങിയത് അയാളുടെ മനസ്സിലായിരുന്നു, മഴ പൊടിഞ്ഞത് അയാളുടെ കണ്ണിലും …
—-പീയാർ—
Leave a Reply